ചെന്നൈ: മധുര തിരുപ്പരൻകുണ്ഡ്രം മലമുകളിലെ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപം തെളിയിച്ചു. സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ ഒരുക്കിയ കനത്ത സുരക്ഷാ വലയത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് ചടങ്ങ് നടന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മലമുകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അനുമതി ലഭിച്ച 50 പേരടങ്ങുന്ന സംഘമാണ് മലമുകളിലെത്തി ദീപം തെളിയിച്ചത്.
തർക്കവിഷയമായ കൽത്തൂണിൽ നവംബർ 24-ന് ഒരുതവണ ദീപം തെളിയിക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അന്ന് കൽത്തൂണിൽ ദീപം തെളിയിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ തന്നെയായിരുന്നു ദീപം തെളിച്ചത്. കോടതി ഉത്തരവ് പാലിക്കാത്തതിൽ തമിഴ്നാട് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ദീപം തെളിയിക്കാൻ വീണ്ടും ഉത്തരവിട്ടത്.
തിരുപ്പരൻകുണ്ഡ്രം മലയിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, 2025 നവംബറിൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ ഡി.എം.കെ. സർക്കാർ അനുമതി നിഷേധിച്ചു. ഇതിനെതിരെ ഭക്തനായ രാമ രവികുമാർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വീണ്ടും ദീപം തെളിയിക്കാൻ അനുമതി നൽകുകയായിരുന്നു. ഈ ഉത്തരവിനെതിരെ ടി.വി.കെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നവംബർ 24-ന് ഒരു ദിവസം മാത്രം ദീപം തെളിക്കാൻ കോടതി അനുമതി നൽകി. ആദ്യ ഉത്തരവ് നടപ്പാക്കാത്തതിനെത്തുടർന്നുള്ള കോടതി ഇടപെടലിനൊടുവിലാണ് ഇന്ന് ദീപം തെളിയിച്ചത്.

