Trending

ഹിമാചൽ പ്രദേശിനെ 67 റൺസിന് തകർത്ത് കേരളം സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ സൂപ്പർ ലീ​ഗിലേക്ക് മുന്നേറി; മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി

മൊഹാലി: ഹിമാചൽ പ്രദേശിനെതിരെ തകർപ്പൻ വിജയവുമായി കേരളം സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിന്റെ സൂപ്പർ ലീ​ഗിലേക്ക് മുന്നേറി. 67 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ ഹിമാചലിന്റെ മറുപടി 201-ൽ അവസാനിച്ചു. സെഞ്ച്വറിയുമായി കേരളത്തിന് വിജയമൊരുക്കിയ മുഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.

സ്കോർ – കേരളം 20 ഓവറിൽ 268/4, ഹിമാചൽപ്രദേശ് 20 ഓവറിൽ 201/6

ബാറ്റർമാർ തകർത്താടിയ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടോട്ടലാണ് കേരളം പടുത്തുയർത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ ഓവർ മുതൽ തകർത്തടിച്ച ഇരുവരും ചേർന്ന് 4.1 ഓവറിൽ കേരളത്തിന്റെ സ്കോർ 50 കടത്തി. ഹർഷിത് സണ്ടാൽ എറിഞ്ഞ അഞ്ചാം ഓവറിൽ തുടരെ നാല് ഫോറും ഒരു സിക്സുമാണ് അസർ നേടിയത്. അടുത്ത ഓവറിൽ 35 റൺസെടുത്ത രോഹൻ കുന്നുമ്മൽ പുറത്തായി. 16 പന്തുകളിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 35 റൺസാണ് രോഹൻ നേടിയത്.

തുടർന്നെത്തിയ സഞ്ജു സാംസനും അസറുദ്ദീനും ചേ‍ർന്ന് അനായാസം സ്കോറുയർത്തി. ഇരുവരും 40 പന്തുകളിൽ 77 റൺസ് കൂട്ടിച്ചേർത്തു. 21 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 44 റൺസെടുത്ത സഞ്ജു 13-ാം ഓവറിലാണ് പുറത്തായത്. തുടർന്നെത്തിയ വിഷ്ണു വിനോദ് 11 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 22 റൺസ് നേടി. മറുവശത്ത് തകർത്തടിച്ച് മുന്നേറിയ അസറുദ്ദീൻ 27 പന്തുകളിൽ അർദ്ധ സെഞ്ച്വറിയും 56 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. 18-ാം ഓവറിലെ രണ്ടാം പന്തിലാണ് അസറുദ്ദീൻ പുറത്തായത്. 57 പന്തുകളിൽ എട്ട് ഫോറും ആറ് സിക്സുമടക്കം 101 റൺസാണ് അസർ നേടിയത്. തുടർന്നെത്തിയ അബ്ദുൾ ബാസിദ് ഓവറിലെ ശേഷിക്കുന്ന നാല് പന്തുകളും അതിർത്തി കടത്തി. വെറും അഞ്ച് പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസുമായി അബ്ദുൾ ബാസിദും 15 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 26 റൺസുമായി സൽമാൻ നിസാറും പുറത്താകാതെ നിന്നു. ഹിമാചലിന് വേണ്ടി മൃദുൽ സറോച് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത ആയുഷ് ജംവാൾ എം.ഡി. നിധീഷിന്റെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്ത് പുറത്തായി. കെ.എം. ആസിഫ് എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് റൺസെടുത്ത വൈഭവ് ശർമ്മയും മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ പുഖ്രാജ് മന്നും ഏകാന്ത് സെന്നും ചേർന്ന് മൂന്നാം വിക്കറ്റിൽ 31 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 16 പന്തുകളിൽ 29 റൺസെടുത്ത പുഖ്രാജിനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കൂട്ടുകെട്ടിന് അവസാനമിട്ടു. നേഹൽ വധേരയെ അടുത്ത ഓവറിൽ അബ്ദുൾ ബാസിദും പുറത്താക്കി.

ഏകാന്ത് സെന്നും മൃദുൽ സറോച്ചും വൈഭവ് കട്ലയും ആര്യമാൻ സിങ്ങും മികച്ച ബാറ്റിങ് കാഴ്ചവച്ചെങ്കിലും കേരളം ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് അടുത്തുപോലും എത്താൻ ഹിമാചൽ പ്രദേശിനായില്ല. 20 ഓവറിൽ ആറ് വിക്കറ്റിന് 201 റൺസെന്ന നിലയിൽ ഹിമാചലിന്റെ ഇന്നിങ്സ് അവസാനിച്ചു. ഏകാന്ത് സെൻ 39-ഉം മൃദുൽ സറോച്ച് 29-ഉം വൈഭവ് കട്ല 57-ഉം ആര്യമാൻ സിങ് 30-ഉം റൺസ് നേടി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ രണ്ടും എം.ഡി. നിധീഷ്, കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, അബ്ദുൾ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!