തിരുവനന്തപുരം: മാനവീയം വീഥിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നവംബർ 14-ന് പുഷ്പവതിയുടെ പരിപാടി നടത്തുന്നതിനായി ആരും ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് മേയർ വ്യക്തമാക്കിയത്. ‘മാനവീയം വീഥിയുടെ രജത ജൂബിലി ആഘോഷസമിതി’ എന്ന പേരിൽ ഓൺലൈനായി ഒരു അപേക്ഷ ലഭിച്ചിരുന്നുവെങ്കിലും, സർക്കാരിന്റെയോ നഗരസഭയുടെയോ പ്രതിനിധികൾ ആരുംതന്നെ ഈ സമിതിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും ചില വ്യക്തികളുടെ സ്വകാര്യ സ്വത്തായി മാറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
താൻ മേയറായി ചുമതലയേറ്റിട്ട് 11 മാസമായെങ്കിലും, ഇതുവരെ ഇത്തരത്തിലുള്ള ഒരു സമിതി തന്നെ സമീപിക്കുകയോ വിവരം നൽകുകയോ ചെയ്തിട്ടില്ലെന്ന് മേയർ പറഞ്ഞു. അദൃശ്യമായ ഒരു കൂട്ടായ്മയ്ക്ക് എങ്ങനെയാണ് മാനവീയം വീഥിയുടെ രജത ജൂബിലി ആഘോഷിക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. പാളയം മാർക്കറ്റ് കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും, അത് തടയുക മാത്രമാണ് ചെയ്തതെന്നും മേയർ വ്യക്തമാക്കി. കലാകാരന്മാരെ തടയുന്നുവെന്ന പേരിൽ മാധ്യമങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ സൃഷ്ടിക്കുന്നവരുടെ ഉദ്ദേശം മറ്റൊന്നാണെന്നും, മാനവീയം വീഥിയെ സ്വകാര്യ സ്വത്താക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപേക്ഷ നിരസിച്ചത് വ്യക്തമായ കാരണങ്ങൾ ഉള്ളതുകൊണ്ടാണെന്നും മേയർ വിശദീകരിച്ചു.

