Trending

അറിയിപ്പുകൾ

  • മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാം; ഡിസംബര്‍ 8 വരെ അവസരം

കോഴിക്കോട്: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അവ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസരം ഡിസംബര്‍ എട്ടുവരെയാണ്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും.

ജീവിതസാഹചര്യങ്ങളിലും സാമ്പത്തിക നിലയിലും മാറ്റമുണ്ടായിട്ടും മുന്‍ഗണനാ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നവരെയാണ് നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍ തുടങ്ങിയവര്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടവരാണ്. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍ എന്നിവരും ഇതില്‍പ്പെടും. വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല.

അതേസമയം, നിശ്ചിത വിഭാഗങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം, താല്‍ക്കാലിക ജീവനക്കാര്‍, നാലാം ക്ലാസ് തസ്തികകളില്‍നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍, പ്രതിമാസം 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ ലഭിക്കുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിവരെ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉപജീവനത്തിനുള്ള ഏക വരുമാനമാര്‍ഗമായി ടാക്‌സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കും ഇളവ് ലഭിക്കും.

കാര്‍ഡിന്റെ വിഭാഗം മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഇതിനായി ഒറിജിനല്‍ റേഷന്‍ കാര്‍ഡ്, കുടുംബനാഥന്റെ ആധാര്‍ കാര്‍ഡ്, വിഭാഗം മാറ്റുന്നതിനുള്ള നിര്‍ദിഷ്ട അപേക്ഷാ ഫോറം എന്നിവ ഹാജരാക്കണം. ഡിസംബര്‍ എട്ടിനകം സ്വമേധയാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിഴയോ നിയമനടപടികളോ നേരിടേണ്ടിവരില്ല.

അനര്‍ഹരുടെ കാര്‍ഡുകള്‍ പൂര്‍ണമായി റദ്ദാക്കുന്നതിനു പകരം അര്‍ഹതയ്ക്കനുസരിച്ച് മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇതുവഴി നിലവില്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം ലഭിക്കാത്ത അര്‍ഹരായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനാകും.

  • കുടുംബശ്രീ @ ക്യാമ്പസ്: പേരും ലോഗോയും ക്ഷണിച്ചു; കോളേജ് വിദ്യാർത്ഥികൾക്ക് മത്സരം; വിജയികൾക്ക് ആകർഷകമായ സമ്മാനം

കോളേജ് വിദ്യാർത്ഥിനികളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നതിനായി നടപ്പാക്കുന്ന ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ഗ്രൂപ്പിന് അനുയോജ്യമായ പേരും ലോഗോയും ക്ഷണിച്ചു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

ക്രിയേറ്റീവ് മേഖല, സാങ്കേതികവിദ്യ, സേവന മേഖല, ഉൽപാദന മേഖല എന്നിവയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുക, നൈപുണ്യ പരിശീലനം നേടുക, വരുമാന മാർഗങ്ങൾ കണ്ടെത്തുക, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ആശയരൂപീകരണം മുതൽ ധനസഹായം, വിപണനം തുടങ്ങി സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുടുംബശ്രീയുടെ പിന്തുണ വിദ്യാർത്ഥിനികൾക്ക് ലഭിക്കും.

പദ്ധതിക്ക് നിർദേശിക്കുന്ന പേരിനും ലോഗോയ്ക്കും പ്രത്യേകം സമ്മാനങ്ങൾ നൽകും. വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്നതിനായി പഠിക്കുന്ന സ്ഥാപന/വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം എൻട്രികൾ kudumbashreeprcontest@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 16.

  • ദേശീയ സരസ് മേള: ടെൻഡർ ക്ഷണിച്ചു

മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ 2026 ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ആവശ്യമായ ഫുഡ് കോർട്ട്, എക്സിബിഷൻ സ്റ്റാളുകൾ, സ്റ്റേജ്, മറ്റ് അനുബന്ധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു.

താൽപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കേരള സർക്കാരിന്റെ ഇ-ടെൻഡർ വെബ്സൈറ്റായ www.etenders.kerala.gov.in വഴി ടെൻഡറിൽ പങ്കെടുക്കാം. 2026_SPEM_886928_1 എന്ന ടെൻഡർ ഐഡിയിലാണ് ടെൻഡർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെടാം. അവസാന തീയതി: 2026 നവംബർ 23, രാവിലെ 9 മണി. ഫോൺ: 7907723243, 9072332223.

  • പതിനഞ്ചാം പഞ്ചവത്സര പദ്ധതി ആശയരൂപീകരണ യോഗം നാളെ (വെള്ളി) കോഴിക്കോട്റ; വന്യൂ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യു

പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–32) രൂപീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും കോഴിക്കോട് ജില്ലയിലെ പ്രാദേശിക വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനുള്ള ആശയരൂപീകരണ യോഗം നാളെ (നവംബർ 13) കോഴിക്കോട് നടക്കും. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ രാവിലെ 10ന് പാളയത്തെ ഹോട്ടൽ കിംഗ് ഫോർട്ടിൽ നടക്കുന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സൗത്ത് എം.എൽ.എ. അഡ്വ. ഫൈസൽ ബാബു അധ്യക്ഷത വഹിക്കും.

സാമ്പത്തിക വളർച്ച, സാമൂഹിക നീതി, സാങ്കേതിക പുരോഗതി, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വികസനം എന്നിവ സമന്വയിപ്പിച്ച് ‘പുതുയുഗ കേരളം’ വികസന മാതൃകയ്ക്ക് രൂപം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വികസന ആവശ്യങ്ങൾ, സാധ്യതകൾ, പരിമിതികൾ, ദീർഘകാല വികസന ലക്ഷ്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.

സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖർ ആമുഖപ്രഭാഷണം നടത്തും. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ഡോ. എം.കെ. മുനീർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മേയർ, എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, വിദഗ്ധർ, സംരംഭകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും വികസന നിർദേശങ്ങൾ രണ്ട് സെഷനുകളിലായി സമാഹരിക്കും. ആദ്യ സെഷൻ ഉദ്ഘാടനത്തിനു ശേഷവും രണ്ടാം സെഷൻ ഉച്ചയ്ക്ക് രണ്ടിനും ആരംഭിക്കും. വികസന നിർദേശങ്ങൾ പങ്കുവെക്കാൻ ഗൂഗിൾ ഫോം സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും.

ജനകീയ പങ്കാളിത്തവും പ്രാദേശിക വികസന കാഴ്ചപ്പാടുകളും സംസ്ഥാനതല ആസൂത്രണത്തിൽ ഉൾപ്പെടുത്തി കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുകയാണ് യോഗത്തിന്റെ ലക്ഷ്യം.

  • റേഡിയോഗ്രാഫർ ട്രെയിനി നിയമനം

കോഴിക്കോട് ഗവൺമെൻ്റ് ഡെൻറൽ കോളേജ് ആശുപത്രി വികസന സമിതിയുടെ ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിൽ റേഡിയോഗ്രാഫർ
ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡി. ആർ. ടി. /ഡി. ആർ. ആർ. ടി. /ബി. എം. ഐ. ടി. / ബി. എസ്‌. സി. റേഡിയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ നവംബർ 17 ന് രാവിലെ 11 ന് സ്ഥാപനത്തിൽ പ്രിൻസിപ്പാളിനു മുമ്പാകെ നടക്കുന്ന കൂടിക്കാഴ്ച‌യിൽ ആധാർ കാർഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.
ഫോൺ : 0495 2356781, 04952350598

  • മലബാർ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി: ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 20 നകം സമർപ്പിക്കണം

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ (എം. ടി. ഇ. ഡബ്ല്യു. എഫ്. ) നിന്ന് ബാങ്ക് മുഖേന പെൻഷൻ/കുടുംബപെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ നവംബർ 20 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 60 വയസ്സിൽ താഴെ പ്രായമുള്ള കുടുംബപെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും മുൻവർഷം ആധാർ കാർഡിന്റെ പകർപ്പ് സമർപ്പിച്ചിട്ടില്ലാത്തവർ ആധാർ കാർഡിന്റെ പകർപ്പും ഇതോടൊപ്പം സമർപ്പിക്കണം.

വില്ലേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ/ ബാങ്ക് മാനേജർ/ ക്ഷേമനിധി ബോർഡ് അംഗം സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് സഹിതം സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്– 673 006 എന്ന വിലാസത്തിൽ അയക്കണം.
ഫോൺ: 0495-2360720.

  • ലേലം ചെയ്ത് വിൽക്കും

കേരള മാരിടൈം ബോർഡിന് വേണ്ടി ബേപ്പൂർ തുറമുഖ പരിധിയിൽ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ മരങ്ങൾ വിൽപ്പന നടത്തുന്നതിന് ലേലം/ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനും ലേലത്തിനുമായുള്ള അപേക്ഷകൾ നവംബർ 19 ന് ഉച്ചയ്ക്ക് 12 വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫിസിൽ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് പരസ്യ ലേലം നടത്തുകയും ക്വട്ടേഷനുകൾ തുറക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് സീനിയർ പോർട്ട് കൺസർവേറ്റർ, ബേപ്പൂർ ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0495-2414863

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!