ന്യൂ ഡല്‍ഹി: മുന്‍കൂട്ടി നിശ്ചയിക്കുന്ന സിനിമാ പേരുകള്‍ അന്തിമമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. പേരുമാറ്റാൻ റിവൈസിംഗ് കമ്മിറ്റിക്ക് അധികാരമുണ്ടെന്നാണ് നിര്‍ദ്ദേശം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന്ന് മുന്‍പ് പേരുകള്‍ അന്തിമമെന്ന് പ്രചരിപ്പിക്കരുതെന്നും ബോര്‍ഡ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്നാല്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പ് അറിയിച്ച് കേരള ഫിലിം ചേംബര്‍ രംഗത്തെത്തി. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ഫിലിം ചേംബര്‍ ആശങ്ക അറിയിച്ച് കത്തയച്ചിരിക്കുകയാണ്.
സിനിമകളുടെ സെന്‍സറിംഗിന് കര്‍ശന ഉപാധികള്‍ നിര്‍ദ്ദേശിച്ചാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഡൈ്വസറി പുറത്തിറക്കിയത്. അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമ പേരുകള്‍ അന്തിമമല്ലെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തോടാണ് ഫിലിം ചേംബറിന് പ്രധാന എതിര്‍പ്പ്. അപേക്ഷ നല്‍കിയത് കൊണ്ടോ പേര് രജിസ്റ്റര്‍ ചെയ്തതുകൊണ്ടോ മുന്‍കൂട്ടിയുള്ള അംഗീകാരമായി കണക്കാക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് പേരുകള്‍ അന്തിമമാണെന്ന മട്ടില്‍ പ്രചരിപ്പിക്കേണ്ടതില്ലെന്നും ബോര്‍ഡ് നിര്‍ദ്ദേശത്തില്‍ ഉണ്ട്. എന്നാല്‍ തീരുമാനം മേഖലയില്‍ കടുത്ത അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് ചേംബര്‍ ചൂണ്ടിക്കാട്ടുന്നത്.
അവസാന നിമിഷത്തിലെ പേരുമാറ്റം പ്രൊഡ്യൂസര്‍മാര്‍ക്ക് ബാധ്യതയാകും. പേരിലെ ഉറപ്പ് പ്രൊമോഷനില്‍ പ്രധാനമാണ്. പേര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ചേമ്പറിന്റെ കൃത്യമായ, മേല്‍നോട്ടമുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പേരുകള്‍ തീരുമാനിക്കുകയും പിന്നീട് ഷൂട്ടിംഗ് പ്രക്രിയയും എല്ലാ ഘട്ടങ്ങളിലും വിവിധ തരത്തിലുള്ള പ്രമോഷനുകള്‍ ഉണ്ടാകും. ടീസറുകളും ഇതിനിടയില്‍എത്തും. തുടര്‍ന്ന് സെന്‍സറിങ് പൂര്‍ത്തീകരിച്ച് റിലീസിംഗിലേക്ക് പോവുകയാണ് നിലവിലെ രീതി. കര്‍ശന ഉപാധി ഈ പ്രക്രിയയെ അട്ടിമറിക്കും എന്ന ആശങ്ക ഉയരുന്നത്. സമീപകാലത്തെ മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് ബോര്‍ഡ് കര്‍ശന നിര്‍ദേശം പുറത്തിറക്കിയത്.

