മഹാരാജാസ് കോളേജിലെ കോൺവൊക്കേഷൻ ചടങ്ങ് അലങ്കോലപ്പെടുത്തിയ എസ്എഫ്ഐ നടപടിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. ഇത്തരം അനാവശ്യ വിഷയങ്ങൾ തിരുത്തുന്നതിന് പകരം സി.പി.ഐ.എം അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ തികച്ചും പക്വമായ നിലപാടാണ് മന്ത്രി റോജി എം. ജോൺ സ്വീകരിച്ചത്. പരിപാടി തടസ്സപ്പെടുത്തുക മാത്രമായിരുന്നു എസ്എഫ്ഐയുടെ ലക്ഷ്യമെന്നും മന്ത്രിയുടെ പക്കൽ കൃത്യമായ മറുപടി ഉണ്ടായപ്പോൾ എസ്എഫ്ഐക്ക് ചോദിക്കാൻ ശരിയായ ചോദ്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നും ഷാഫി പറഞ്ഞു. കൂടെ പി.എസ്.സി ചെയർമാൻ പാർട്ടി ചെയർമാനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും അതിൽ കടുത്ത ശിക്ഷാനടപടികളും അന്വേഷണവും ഉണ്ടാകണമെന്നും ഷാഫി ആവശ്യപ്പെട്ടു.
മഹാരാജാസ് കോളേജിലെ ചടങ്ങിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെ എസ്എഫ്ഐയുടെ രാഷ്ട്രീയ ദുഷ്ടലാക്കിനെതിരെ റോജി എം. ജോണും നിലപാട് കടുപ്പിച്ചു. ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷനിമിഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സദസ്സിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ അഹങ്കാരത്തോടെ പ്രതികരിക്കാതെ, പ്രതിഷേധിക്കാനുള്ള അവകാശത്തെ രാഷ്ട്രീയ ബഹുമാനത്തോടെയാണ് കണ്ടത്. ചോദ്യങ്ങളോടോ സമരങ്ങളോടോ അസഹിഷ്ണുതയില്ലെങ്കിലും, വിദ്യാർത്ഥികളുടെ വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങിക്കൊടുക്കാൻ സാധിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ കറുത്ത വസ്ത്രവും മാസ്കും വരെ അഴിപ്പിച്ചിരുന്ന പഴയ പിണറായിക്കാലമല്ലിതെന്ന് ഓർമ്മിപ്പിച്ച മന്ത്രി, തന്റെ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി. വിരട്ടാൻ നോക്കിയാൽ അതിന് മുന്നിൽ വ്യക്തിപരമായി താനോ ഉന്നതവിദ്യാഭ്യാസ വകുപ്പോ വിറയ്ക്കില്ല. ഇരുപത് മിനിറ്റോളം പ്രതിഷേധക്കാർക്ക് മുന്നിൽ നിന്ന് പറയാനുള്ളത് വ്യക്തമായി പറഞ്ഞ ശേഷമാണ് വേദി വിട്ടതെന്നും, പറയാനുള്ളത് തീർക്കാതെ ഒരു വേദിയിൽ നിന്നും ഇറങ്ങിപ്പോകുന്ന സ്വഭാവം തനിക്കില്ലെന്നും റോജി എം. ജോൺ വ്യക്തമാക്കിയിരുന്നു.

