തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടി മഴ തുടരും എന്നാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങിയവയ്ക്കും അവധി ബാധകം. എന്നാൽ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

