Sport

കേരള സൂപ്പർ ലീഗ്: കാലിക്കറ്റിന്‌ ആദ്യ തോൽവി

കോഴിക്കോട്‌: സൂപ്പർ ലീഗ്‌ കേരളയിൽ കാലിക്കറ്റ്‌ എഫ്‌സിക്ക്‌ ആദ്യ തോൽവി. മഴയിൽ കുതിർന്ന കളിയിൽ ഫോഴ്‌സ കൊച്ചിയോട്‌ മറുപടിയില്ലാത്ത മൂന്ന്‌ ഗോളിനാണ്‌ തോറ്റത്‌. രാഹുൽ രാജു കൊച്ചിക്കായി ഇരട്ടഗോൾ നേടി. അലൻ സജിയും ഗോളടിച്ചു. ഗോൾ കീപ്പർ കെ മിർഷാദ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായതിനെ തുടർന്ന്‌ പത്ത്‌ പേരുമായാണ്‌ കാലിക്കറ്റ്‌ കളി പൂർത്തിയാക്കിയത്‌.

കണ്ണൂർ വാരിയേഴ്‌സിനെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുമായാണ്‌ കാലിക്കറ്റ്‌ ഇറങ്ങിയത്‌. ഗോൾവലയ്‌ക്ക്‌ മുന്നിൽ കെ മിർഷാദ്‌ തുടർന്നു. പ്രതിരോധത്തിൽ അങ്കിത്‌ മുഖർജി, എം മനോജ്‌, ത്‌ലാങ്‌പുയ്‌യ എന്നിവർ തുടർന്നു. അലെക്‌സിസ്‌ സോസയ്‌ക്ക്‌ പകരം പി ടി മുഹമ്മദ്‌ റിയാസ്‌ എത്തി. കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ്‌ കിട്ടിയ അഗസ്‌റ്റിൻ വില്ലാലബോസിന്‌ പകരം മധ്യനിരയിൽ ഡി അരുൺകുമാർ എത്തി. ക്യാപ്‌റ്റൻ കെ പ്രശാന്തും ഫെഡറികോ ബുവാസോയും കാൽവിൻ തോമസും ആക്രമണത്തിലേക്ക്‌ കണ്ണിചേർന്നു. മുന്നേറ്റത്തിൽ മാക്‌സിമില്ലിയാനോ ഉറുറ്റിയും മുഹമ്മദ്‌ ആഷിഖും അണിനിരന്നു. 4–1–2–3 ശൈലിയിലാണ്‌ പരിശീലകൻ എവർ ഡിമാൾഡെ കാലിക്കറ്റിനെ ഇറക്കിയത്‌.

മഴയിൽ കുതിർന്ന മൈതാനത്ത്‌ ഒരു മണിക്കൂർ കഴിഞ്ഞാണ്‌ കളി ആരംഭിച്ചത്‌. വെള്ളംനിറഞ്ഞതോടെ കളത്തിൽ അനായാസം നീങ്ങാൻ ഇരു ടീമുകൾക്കുമായില്ല. മുപ്പതാം മിനിറ്റിൽ കാൽവിൻ തോമസ്‌ തൊടുത്ത ലോങ്‌ റേഞ്ചർ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. പിന്നാലെ ബുവാസോയുടെ ക്രോസ്‌ കൊച്ചി ഗോൾകീപ്പർ ജയ്‌മി ജോയ്‌ തടഞ്ഞു. ഓടിയെത്തിയ ഉറുറ്റിക്ക്‌ പന്തിലേക്ക്‌ കാൽവയ്‌ക്കാനായില്ല. ഇതിനിടെ 37–ാം മിനിറ്റിൽ അലൻ സജിയിലൂടെ കൊച്ചി ലീഡ്‌ നേടി. രാഹുൽ രാജുവിന്റെ ക്രോസ്‌ ബോക്‌സിലേക്കെത്തുന്പോൾ തടയാനാളുണ്ടായില്ല. ഓടിയെത്തിയ അലൻ അടി തൊടുത്തു. 39–ാം മിനിറ്റിൽ കാലിക്കറ്റിന്‌ മികച്ച അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ബുവാസോയുടെ ഷോട്ട്‌ ജയ്‌മി തട്ടിയകറ്റി. പന്ത്‌ പ്രശാന്തിന്റെ കാലിൽ. പക്ഷേ, ക്യാപ്‌റ്റന്റെ അടി പോസ്‌റ്റിൽ തട്ടിത്തെറിച്ചു.

ഇടവേളയ്‌ക്കുശേഷം കാലിക്കറ്റ്‌ രണ്ട്‌ മാറ്റങ്ങൾ വരുത്തി. ത്‌ലാങ്‌പുയ്‌യക്ക്‌ പകരം ലിയണാർഡോയും ആഷിഖിന്‌ പകരം ടി ജോബിനുമെത്തി. രണ്ടാംപകുതിയുടെ തുടക്കത്തിൽ കാലിക്കറ്റിന്‌ കനത്ത തിരിച്ചടിയേറ്റു. 52–ാം മിനിറ്റിൽ ഗോൾകീപ്പർ മിർഷാദ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ഇതോടെ കാലിക്കറ്റിന്‌ മുന്നേറ്റത്തിൽനിന്ന്‌ ഉറുറ്റിയെ പിൻവലിക്കേണ്ടിവന്നു. ബിഷോർജിത്‌ സിങ്‌ വലയ്‌ക്ക്‌ മുന്നിലെത്തി. തുടർച്ചയായ രണ്ടാം കളിയിലും അവസാന നിമിഷങ്ങളിൽ പത്തുപേരുമായി കളിക്കേണ്ടിവന്നു.

പത്ത്‌ പേരായി ചുരുങ്ങിയിട്ടും കാലിക്കറ്റ്‌ പൊരുതി. പക്ഷേ, കൊച്ചി ആളെണ്ണത്തിന്റെ ആനുകൂല്യം കൃത്യമായി മുതലെടുത്തു. പിന്നാലെ രണ്ടാം ഗോളിലൂടെ രാഹുൽ കൊച്ചിയുടെ ജയം പൂർത്തിയാക്കി. നവംബർ ഒന്നിന്‌ മലപ്പുറം എഫ്‌സിയുമായാണ്‌ കാലിക്കറ്റിന്റെ അടുത്ത കളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sport

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

Washington DC കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Inc. അവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournament
Sport Sports Trending

മെസിക്ക് ഹാട്രിക്; ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍
error: Protected Content !!