ജില്ലാതല ഇൻക്ലൂസീവ് കായികമേള സമാപിച്ചു
കോഴിക്കോട്: സി. എസ്. ആർ. ഫണ്ട് ഉൾപ്പെടെ പ്രയോജനപ്പെടുത്തി ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്ര പദ്ധതി തയാറാക്കുമെന്ന് എം. കെ. രാഘവൻ എം.പി. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് സ്റ്റേഡിയത്തിൽ ജില്ല ഇൻക്ലൂസീവ് കായിക മേള ഗെയിംസ് സെലക്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ
അഡ്വ. സാറ ജാഫർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ ശ്രീജ സുരേഷ്, ഡോ. നിസാർ ചേലേരി, ഡി. ഡി. ഇ. സി .എസ്. അമൃത, ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ലോന, എ. എസ്. പി. ഡി. ശ്രീകല, എസ്. എസ്. കെ. സ്റ്റേറ്റ് പ്രോഗാം ഓഫീസർമാരായ എസ്. ഷോഫിദ, എസ്. പത്മകുമാർ, ഡി. പി. ഒ. മാരായ ഷമീം അഹമ്മദ്, ഡോ. സെബാസ്റ്റ്യൻ ജോൺ, പി. ഷമീർ, മുസ്തഫ പാലൊളി, പി. സിക്കന്തർ, പി. പി. നൗഷീർ എന്നിവർ സംസാരിച്ചു.
ജില്ല ഇൻക്ലൂസീവ് കായികമേളയുടെ സമാപന ചടങ്ങിൽ അഡ്വ. കെ. ജയന്ത് എം. എൽ. എ സമ്മാനം വിതരണം ചെയ്തു. ഡി. പി. ഒ. ഷമീം അഹമ്മദ് , ഡി. പി. സി അബ്ദുൽ ഹക്കിം എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു.
സമഗ്ര ശിക്ഷ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് ജില്ല ഇൻക്ലൂസീവ് കായിക മേള സംഘടിപ്പിച്ചത്. അത്ലറ്റിക്സ് , ഗെയിംസ് വിഭാഗങ്ങളിലായി മേളയിൽ 900 കായിക താരങ്ങൾ പങ്കെടുത്തു.
4×100 റിലേ, 100 മീറ്റർ ഓട്ടം, മിക്സഡ് സ്റ്റാഡിങ് ബോൾ ത്രോ, മിക്സഡ് സ്റ്റാൻഡിങ് ലോംഗ് ജംപ് എന്നീ ഇനങ്ങളിലാണ് ജില്ല തല അത്ലറ്റിക്സ് സെലക്ഷൻ നടന്നത്. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൺ, ഹാൻഡ് ബോൾ, ബൊച്ചെ ഇനങ്ങളിൽ ഗെയിംസ് സെലക്ഷൻ നടന്നു.
ജില്ലയിലെ 15 ബി. ആർ. സി കൾക്ക് കീഴിലെ പൊതുവിദ്യാലയങ്ങളിൽ നിന്നാണ് ഭിന്നശേഷി കായിക താരങ്ങൾ ഇൻക്ലൂസീവ് കായിക മേളക്ക് എത്തിയത്.
ജില്ല ഇൻക്ലൂസീവ് കായിക മേളയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 200 ഓളം കായിക താരങ്ങൾ 26 ന് ജില്ലയിൽ നടക്കുന്ന സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുക്കും.

