ന്യൂ ഡൽഹി: ഇന്റർനെറ്റ് ലഭ്യതയും അത് ഉപയോഗിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി. കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ ഓരോ വ്യക്തിക്കും ഈ അവകാശത്തിന് അർഹതയുണ്ടെന്ന് ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തത വരുത്തി.
ഭരണഘടനയുടെ 19(1)(എ), 21 എന്നീ വകുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചരിത്രപരമായ നിരീക്ഷണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തമാക്കാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി ഈ പ്രഖ്യാപനം നടത്തിയത്. ഭരണഘടനയുടെ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിവരങ്ങളും ആശയങ്ങളും അറിയാനും പങ്കുവെക്കാനുമുള്ള അവകാശവും ഉൾപ്പെടുന്നു കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. വിദൂര പ്രദേശങ്ങളിലെ കുട്ടികൾക്ക് ഇന്റർനെറ്റ് പഠനത്തിന്റെ ഒരേയൊരു ഉറവിടമാണ്. സുരക്ഷിതമല്ലാത്ത ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ കമ്പനികൾ പരാജയപ്പെടുന്നു എന്ന കാരണത്താൽ കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് മാറ്റിനിർത്തുന്നത് യഥാർത്ഥ കുറ്റവാളിയെ വിട്ട് ഇരയെ ശിക്ഷിക്കുന്നതിന് തുല്യമാണ്. നിയമം മൂലം നിരോധിച്ചാലും കുട്ടികൾ അപകടകരമായ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിയാൻ സാധ്യതയുണ്ട്. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾക്ക് പകരം കൃത്യമായ മുൻകരുതലുകൾ വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടികൾക്കായി പ്രത്യേകമായി ‘ചൈൽഡ് മോഡ്’ സംവിധാനം ഒരുക്കാൻ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ മേൽനോട്ടവും സമ്മതവും ഉറപ്പാക്കണം. കുട്ടികളുടെ അക്കൗണ്ടുകൾ ഡിഫോൾട്ടായി ‘പ്രൈവറ്റ്’ ആക്കുക, അപരിചിതരിൽ നിന്നുള്ള മെസ്സേജുകളും കോളുകളും തടയുക, ഹാനികരമായ പരസ്യങ്ങളും കണ്ടെന്റുകളും നിയന്ത്രിക്കുക എന്നിവ നടപ്പിലാക്കാം. അതേസമയം, അശ്ലീല വെബ്സൈറ്റുകൾ ഉൾപ്പെടെ കുട്ടികൾക്ക് സ്വാഭാവികമായും ഹാനികരമാകുന്ന ഉള്ളടക്കങ്ങൾ തടയുന്നതിൽ നിന്ന് സർക്കാരിനെ കോടതിയുടെ ഈ നിരീക്ഷണം വിലക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

