കൊച്ചി: നെടുമ്പാശ്ശേരിയില് അമിതവേഗതയില് പാഞ്ഞ മിനി കൂപ്പര് ഇടിച്ച് സ്കൂട്ടര് യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കനത്ത സുരക്ഷയിലാണ് 19കാരനായ പ്രതി സുഹൈലുമായി പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. എറണാകുളം റൂറല് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
തെളിവെടുപ്പിന് എത്തിച്ചപ്പോൾ മുടി പറ്റെ വെട്ടി തിരിച്ചറിയാന് കഴിയാത്ത രൂപത്തിലായിരുന്നു പ്രതി. ബോർസ്റ്റല് ഹോമിലെത്തിയ സുഹൈല് അവിടുണ്ടായിരുന്ന ട്രിമ്മര് ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം. തങ്ങളല്ല മുടിമുറിച്ചതെന്നാണ് ഹോമിലെ ഉദ്യോഗസ്ഥര് വ്യക്തമാക്കിയിരിക്കുന്നത്.
ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില് ഹാജരാക്കും. ഇതിനുള്ളില് പരമാവധി തെളിവുകള് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

