കോഴിക്കോട്: വേൾഡ് ഹാബിറ്റാറ്റ് ഡേ 2026ന്റെയും ‘അർബൻ ഒക്ടോബർ 2026’ന്റെയും ഭാഗമായി എൻഐടി കാലിക്കറ്റിൽ ‘ഹാബിറ്റാറ്റ് ഡയലോഗ് 2026 – ഹൗസിംഗ് ഫോർ ഓൾ’ സംഘടിപ്പിച്ചു. എൻഐടി കാലിക്കറ്റ് സെന്റർ ഓഫ് എക്സലൻസ് ഇൻ അർബൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ (CoEUPD), ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് എന്നിവ യുഎൻ-ഹാബിറ്റാറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചാത്തമംഗലം മൺപാത്ര നിർമ്മാണ ഗ്രാമത്തിലേക്കുള്ള ഫീൽഡ് വിസിറ്റോടെയാണ് പരിപാടി ആരംഭിച്ചത്. പരമ്പരാഗത പാർപ്പിട മാതൃകകളും മൺപാത്ര നിർമ്മാണവും സാംസ്കാരിക പൈതൃകവും നേരിട്ട് മനസ്സിലാക്കാൻ സന്ദർശനം സഹായിച്ചു.
എൻഐടി വിദ്യാർത്ഥികൾ തയ്യാറാക്കിയ പാർപ്പിട രൂപകൽപ്പനകളും തീരദേശ പ്രതിരോധ പഠനങ്ങളും ഉൾപ്പെടുത്തിയ പ്രദർശനം CoEUPD ചെയർമാൻ ഡോ. പി പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ. ചിത്ര കെ, പ്രോഗ്രാം കോർഡിനേറ്റർ ഡോ. സനിൽ കുമാർ എന്നിവർ സംസാരിച്ചു.
‘അഡെക്വേറ്റ് ഹൗസിംഗ് ഫോർ ഓൾ’ വിഷയത്തിൽ HUDCOയിലെ ശ്രീ. കാർത്തികേയനും ‘റീ തിങ്കിംഗ് ഹൗസിംഗ് ഇൻ ഇന്ത്യൻ സിറ്റീസ്’ വിഷയത്തിൽ CEPT യൂണിവേഴ്സിറ്റിയിലെ ഡോ. സെജൽ പട്ടേലും ക്ലാസുകൾ നയിച്ചു. താങ്ങാനാവുന്ന ഭവനം, പ്രാപ്യത, തുല്യത, നഗരങ്ങളുടെ പ്രതിരോധശേഷി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
വേൾഡ് ഹാബിറ്റാറ്റ് ഡേ: ‘ഹാബിറ്റാറ്റ് ഡയലോഗ് 2026’ സംഘടിപ്പിച്ച് എൻ.ഐ.ടി കാലിക്കറ്റ്

