രജൗരി : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച 17 വയസ്സുള്ള പാക് പെൺകുട്ടിയെ സൈന്യം കസ്റ്റഡിയിലെടുത്തു. നൗഷേറ സെക്ടറിലെ ലാം അതിർത്തിക്ക് സമീപം സംശയാസ്പദമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് സംഘം പെൺകുട്ടിയെ തടഞ്ഞുവെച്ചത്. പാക് അധീന കശ്മീരിലെ ഖുയിരേറ്റ സ്വദേശിനിയാണ് പിടിയിലായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിർത്തി കടന്നെത്തിയത് അബദ്ധത്തിലാണെന്നാണ് പെൺകുട്ടി ചോദ്യം ചെയ്യലിൽ നൽകിയിട്ടുള്ള പ്രാഥമിക മൊഴി. തുടർനടപടികളുടെ ഭാഗമായി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സൈന്യം പെൺകുട്ടിയെ നൗഷേറ പോലീസിന് കൈമാറിയിരിക്കുകയാണ്. എന്നാൽ പെൺകുട്ടി വഴിതെറ്റി എത്തിയതാണോ അതല്ല ഇതിന് പിന്നിൽ മറ്റ് ദുരൂഹ ലക്ഷ്യങ്ങൾ വല്ലതുമുണ്ടോ എന്നറിയാൻ വിവിധ സുരക്ഷാ ഏജൻസികൾ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

