പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യ പൊലീസിനോട് കുറ്റം സമ്മതിച്ചു എന്നാണ് വിവരം. എന്നാല്‍ കുട്ടികളെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തല്ല. അഞ്ച് വയസ്സുകാരി ജെനിഫര്‍, മൂന്നു വയസ്സുകാരനായ സഹോദരന്‍ റോബിന്‍ എന്നിവര്‍ ആണ് മരിച്ചത്. വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കില്‍ ആണ് ഇന്നലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്താകരിച്ച പൊലീസ് അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. നിലവില്‍ നിവേദ്യയെ പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെത്തന്നെ സംഭവത്തില്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. രണ്ട് കുട്ടികളും ഒരുമിച്ച് എങ്ങനെ വെള്ള ടാങ്കില്‍ വീണു എന്നത് ദുരൂഹമായി പൊലീസിന് മുന്നില്‍ ഉണ്ടായിരുന്നു. കുട്ടികളുടെ അച്ഛന്‍ ജോണ്‍ കുമാര്‍ ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹം ജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. പിന്നാലെയാണ് വിശദമായ പരിശോധനയുടെ ഭാഗമായാണ് അമ്മയെ ചോദ്യം ചെയ്യുന്നത്.

