കണ്ണൂർ: താവക്കരയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് താവക്കരയിലെ തിരക്കേറിയ റോഡിൽ അപകടം നടന്നത്. വടകര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. അതിവേഗത്തിൽ വളവ് തിരിഞ്ഞുവന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ വിദ്യാർത്ഥിനികളിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

