ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. നിർദേശം മുന്നോട്ടുവെച്ച പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കോൺഗ്രസ് എംപിമാർ വിയോജിപ്പ് അറിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. വ്യാപാര ഇടപാടുകളിൽ നിന്ന് പ്രതിവർഷം 15,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
രാജ്യത്തെ യുപിഐ സാമ്പത്തിക വിനിമയ സംവിധാനങ്ങൾ വഴി ഫീസ് ഈടാക്കുന്ന നടപടിയുടെ ആദ്യപടിയാണ് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റിനെ വിദഗ്ദ്ധർ കാണുന്നത്. ഓരോ സാമ്പത്തിക വർഷവും ബാങ്കുകൾക്കും യുപിഐ പ്ലാറ്റ്ഫോമുകൾക്കും സേവന ദാതാക്കൾക്കും വൻ തുക പിരിച്ചുകിട്ടുന്നതിനാൽ തീരുമാനം പിൻവലിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമായിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ പൂർണമായി തള്ളിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. കേന്ദ്ര നീക്കത്തിന് പിന്നിൽ അമേരിക്കയെന്ന രാഹുൽഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കാനെന്ന് ബിജെപി തുറന്നടിച്ചു.
എംഡിആർ ഉടൻ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച പാർലമെൻററി പാനലിൽ പി ചിദംബരം, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി തുടങ്ങിയ ആറ് കോൺഗ്രസ് അംഗങ്ങൾ ഉണ്ടായിരുന്നു. ഇവരാരും നീക്കത്തെ എതിർത്തില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ യുപിഐ എംഡിആർ എന്താണെന്നും ആരിൽ നിന്നൊക്കെ ഫീസ് ഈടാക്കും എന്നും ജനങ്ങളെ ധരിപ്പിക്കാൻ ഒരു അഖിലേന്ത്യ ക്യാമ്പയിനും ബിജെപി തയ്യാറാക്കുകയാണ്. അടുത്ത മാസം 15 മുതലാണ് വ്യാപാരികളിൽ നിന്ന് 0.4% മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് ഈടാക്കുക. അതിനിടെ വരുമാനനഷ്ടം ചൂണ്ടിക്കാണിച്ച് പെട്രോൾപമ്പുകളെ ഒഴിവാക്കണമെന്ന് ഡീലർമാരുടെ അസോസിയേഷൻ ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

