തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ചതും നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലുള്ളതുമായ ‘മല്ലു പ്രീമിയം’ എന്ന ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് സൈബർ പൊലീസ്. പണം നൽകി ദൃശ്യങ്ങൾ വാങ്ങിയവരുടെയും ഗ്രൂപ്പിൽ അംഗങ്ങളായിരുന്നവരുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ദൃശ്യങ്ങൾ വിലയ്ക്കുവാങ്ങിയവരെയും കേസിൽ പ്രതി ചേർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധന നടത്തും.
തൃക്കാക്കര മോർഫിങ് കേസ്: ടെലഗ്രാം ഗ്രൂപ്പ് വീണ്ടെടുക്കാൻ സൈബർ പൊലീസ്

