തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 14 തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 15 ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും 16 ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ടാകും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഴയെത്തും മുൻപ് സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ് (35.6°C). കണ്ണൂരിൽ 35.2 ഡിഗ്രിയും കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി

