തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടത് പ്രതീക്ഷ നൽകുന്ന ചിത്രമല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ മോശം ഭാഷയും അധിക്ഷേപകരമായ പോസ്റ്ററുകളും ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചു. മാർ ബസേലിയോസ് കോളേജിന്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ലെങ്കിലും വിദ്യാർത്ഥികളുടെ വരുംകാല സ്വഭാവരൂപീകരണത്തെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് സിലബസും പാഠ്യപദ്ധതിയും നൽകുക എന്നതിലുപരി മികച്ച സംസ്കാരം കൂടി പകർന്നുനൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. മറ്റുള്ളവരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നവർ ഇത്തരം മോശം രീതികൾ ഉപയോഗിക്കുമ്പോൾ തിരിച്ചും വിമർശിക്കപ്പെടാൻ അർഹരാകുന്നുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

