ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന് ചൂണ്ടിക്കാട്ടി. മൂന്ന് മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചുതരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദമെന്നും എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ കടമെടുപ്പ് പരിധി കവിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. 2022 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. ഇത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമര്‍ശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാന്‍ തയ്യാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേന്‍ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയില്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോള്‍ 6000 കോടി മിച്ചമുള്ള ഖജനാവാണ് എല്‍ഡിഎഫ് ഏല്‍പ്പിച്ചത്. ദിനംപ്രതി വില വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടു. ഉല്പന്നങ്ങള് നേരിട്ട് വാങ്ങിയാണ് പ്രശ്നം പരിഹരിച്ചത്. വില പിടിച്ച് നിര്‍ത്താന്‍ ഫലപ്രദമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കാറുണ്ടായിരുന്നുവെന്നും പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തവണ അത്തരം നടപടികള്‍ സ്വീകരിച്ചതായി കാണുന്നില്ല. അരി, പഞ്ചസാര, ഉള്‍പ്പെടെയുള്ള ഉപയോഗ സാധനങ്ങള്‍ക്ക് വിലകൂടി.
അരി വില 15 രൂപ കൂടി. സ്കൂള്‍ കുട്ടികള്‍ക്കുള്ള അരിവിതരണം കുറച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മുതിര്‍ന്നവര്‍ക്ക് ആയിരം രൂപ നല്കുന്ന പദ്ധതി വെട്ടിക്കുറച്ചു. ക്ഷേമ പെന്ഷന് ഓണത്തിന് മുമ്പേ ലഭിക്കുമോ എന്നതിലും ഉറപ്പില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

