കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ. ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ തിരികെയെത്തിയ സമയത്താണ് ജാൻമണി പ്രധാനമന്ത്രിയെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് നടത്തിയത്. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് ജാൻമണിക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
ബിഎൻഎസ് 192, 356 (2), കേരള പോലീസ് ആക്ട് 120 (ഒ) വകുപ്പാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാൻമണിയെ വിട്ടയച്ചു. ബിജെപി നേതാവ് നവ്യ ഹരിദാസനാണ് പരാതിക്കാരി.
സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ബോധപൂർവമായ ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അവഹേളിച്ചെന്നും അപമാനിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. അതേസമയം, സംഭവം വിവാദമായതോടെ അന്നുതന്നെ ജാൻമണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗട്ടിലൂടെ ക്ഷമാപണം നടത്തിയിരുന്നു

