അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. നാച്ചോ ഗ്രാമത്തിലെ റോഡ് നിർമ്മാണ സ്ഥലത്താണ് അപകടമുണ്ടായത്. ഇതിനിടയിൽ, ദിബാങ് വാലിയിലുണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും നാല് പ്രദേശവാസികൾ മരിക്കുകയുണ്ടായി. കൂടാതെ, വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട അഞ്ച് സൈനികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദിബാങ് താഴ്വരയിലെ ആർമി ക്യാമ്പിന്റെ രണ്ട് താത്കാലിക വിശ്രമ കേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോകുകയായിരുന്നു. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻതന്നെ രക്ഷപ്പെടുത്താൻ സാധിച്ചു. കാണാതായ ബാക്കി അഞ്ച് സൈനികർക്കായി ഐ.ടി.ബി.പി, എസ്.ഡി.ആർ.എഫ്, പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
അപ്പർ സുബൻസിരി ജില്ലയിലെ കേഓജറിംഗ് – ബയാചിംഗ് റോഡ് നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ താഡു ബകി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം നാച്ചോ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘത്തിന്റെയും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

