തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ ഖനന നിയന്ത്രണ ഭേദഗതി ബിൽ രാജ്യത്തിന്റെ ഫെഡറൽ തത്ത്വങ്ങളേയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന ധാതുവിഭവങ്ങളിലും ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നിയമനിർമാണം. സംസ്ഥാന താത്പര്യങ്ങൾക്കെതിരും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കാത്തതുമായ ഈ ഭേദഗതി വ്യവസ്ഥകൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ യുഡിഎഫ്. സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപൂർവ ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെ രാജ്യത്തിന്റെ ധാതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഈ സ്വകാര്യവത്കരണ നയങ്ങൾക്ക് കുടപിടിക്കുന്ന നിലപാടാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിനുള്ളത്. കരിമണൽ ഖനനം സ്വകാര്യവത്കരിക്കാനുള്ള ബജറ്റ് നിർദേശങ്ങളും ‘റെയർ എർത്ത് ഇടനാഴി’ പദ്ധതിയും ഇതിന് തെളിവാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
റെയർ എർത്ത് ഇടനാഴി’ എന്ന പേരിൽ കേരളത്തിന്റെ തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാക്കി പൂട്ടിക്കാനും ആ സ്ഥാനത്തേക്ക് സ്വകാര്യ ലോബികളെ പ്രതിഷ്ഠിക്കാനുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും, ഇത് ശക്തമായി ചെറുക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

