കൊച്ചി: മതിയായ കാരണമില്ലാതെ ഭർത്താവിന്‍റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം ആവശ്യപ്പെടുന്ന ഭാര്യയുടെ നടപടി ക്രൂരതയാണെന്ന് ഹൈക്കോടതി. ഒൻപത് വർഷത്തിലേറെയായി അകന്ന് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് പി കൃഷ്ണകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ വിധി. കണ്ണൂർ കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവിട്ടത്.
ഹിന്ദുമതാചാര പ്രകാരം 2015ലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവ് ഗൾഫിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. വിവാഹ ശേഷം ഇരുവരും ഗൾഫിലായിരുന്നു താമസം. ഭർത്താവിന്‍റെ മാതാപിതാക്കളും അവിടെയുണ്ടായിരുന്നു. ഗർഭിണിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ യുവതി പിന്നീട് ഭർത്താവിന്‍റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാകില്ലെന്നും രണ്ട് കിടപ്പുമുറികളുള്ള പ്രത്യേക ഫ്ലാറ്റ് ലഭിച്ചാൽ മാത്രമേ മടങ്ങി വരൂവെന്നും അറിയിച്ചതായി കോടതി രേഖപ്പെടുത്തി. ഇതിനിടെ ദമ്പതികൾക്ക് കുഞ്ഞും ജനിച്ചു.
ഹർജിക്കാരന്‍റെ മാതാവാണ് തങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ അമ്മയുമായുണ്ടായ ചില അസ്വാരസ്യങ്ങൾ ഒഴികെ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു കുടുംബക്കോടതിയുടെ കണ്ടെത്തൽ. ഭാര്യ തന്നോട് സംസാരിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും യുവതിയുടെ സഹോദരൻ വഴിയാണ് അറിയേണ്ടിവന്നതെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. കുട്ടിയുടെ പേരിടൽ ചടങ്ങ്, ക്ഷേത്രത്തിൽ നടത്തിയ ചോറൂൺ എന്നിവയെക്കുറിച്ചും തന്നെ അറിയിച്ചിരുന്നില്ലെന്നും ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കിയതായും കോടതി രേഖപ്പെടുത്തി.
ഈ ആരോപണങ്ങൾ യുവതി നിഷേധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഭർത്താവിൽ നിന്ന് ദീർഘകാലം അകന്ന് നിൽക്കുകയും മതിയായ കാരണമില്ലാതെ പ്രത്യേക താമസ സൗകര്യം നിർബന്ധപൂർവം ആവശ്യപ്പെടുകയും ചെയ്ത നടപടി മാനസിക ക്രൂരതയാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.

