കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ടി.ബി.ഐയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കോഴിക്കോട്: എന്‍ജിനീയറിങ് മേഖലയിലും ഡിജിറ്റല്‍ സാങ്കേതിക രംഗത്തുമുള്ള സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെയും ബി.പി.എം ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് കോറിഡോറിന്റെയും ഉദ്ഘാടനവും സെന്റര്‍ ഓഫ് എക്സലന്‍സ് പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന കാലമാണിത്. പുതിയ സാങ്കേതിക വിദ്യകളിലൂടെ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്തും മാറ്റം കൊണ്ടുവരുകയും വിദ്യാര്‍ഥികളെ അതിനായി പാകപ്പെടുത്തുകയും വേണം. നമ്മളെന്ത് വായിക്കണമെന്നും കാണണമെന്നും ചിന്തിക്കണമെന്നും നമ്മള് പോലും അറിയാതെ സോഷ്യല്‍ മീഡിയ അല്‍ഗോരിതം തീരുമാനിക്കുമ്പോള്‍ ഈ അല്‍ഗോരിതത്തെ നിയന്ത്രിക്കുന്ന നിലയിലേക്ക് വിദ്യാര്‍ഥികള്‍ വളരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അലുമിനി അസോസിയേഷന്റെ സഹകരണത്തോടെയാണ് കോളേജില്‍ പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത്. ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ഇ എ ജാസ്മിന്, യു.ജി ഡീന്‍ ഡോ. ബി ശ്രീജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് കെ അശോക് സാമുവല്‍, ഗവ. പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ കെ എം ശിഹാബുദ്ദീന്, പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എ എം സജീബ്, അലുമ്നി അസോസിയേഷന് പ്രഡിഡന്റ് കെ ഹര്‍ഷിദ്, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ എം എ ഫര്ഹാന് അസീസ് എന്നിവര്‍ സംസാരിച്ചു.

