തെലങ്കാനയില്‍ പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ആറുപേരെ കൊന്നു. ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്തി. ഇതിന് പിന്നാലെ വീട്ടിലെത്തി ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി.പ്രതി രാജ്കുമാര്‍ ഒളിവില്‍. ഇയാളെ പിടികൂടുന്നതിനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ഷാബാദില്‍ ആണ് നടുക്കുന്ന കൂട്ടക്കൊല.
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, മെയ് മാസത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്നതിന് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പി. രാജ്കുമാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും അമ്മൂമ്മയെയും കൊലപ്പെടുത്തിയതായും പിന്നീട് വെള്ളിയാഴ്ച രാത്രി ഷബാദ് മണ്ഡലില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വെച്ച് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതായും പൊലീസ് ശനിയാഴ്ച അറിയിച്ചു.
കൊലപാതകം നടന്നയുടനെ പ്രതി പിതാവിനെ വിളിച്ച് കുറ്റം സമ്മതിച്ചു. രണ്ട് കുടുംബങ്ങളെയും താന്‍ ഇല്ലാതാക്കിയെന്നും ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞതായി പറയുന്നു.കൊലപാതകത്തിനുള്ള കൃത്യമായ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലേ മുഴുവന്‍ ചിത്രവും വ്യക്തമാകൂ എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

