കുന്ദമംഗലം: കുന്നമംഗലം ഗ്രാമപഞ്ചായത്തും സ്വതന്ത്ര റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘വിശപ്പുരഹിത കുന്ദമംഗലം– ഓപ്പറേഷൻ സുലൈമാനി’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ ഷമീറിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. സംജിത്ത് അധ്യക്ഷത വഹിച്ചു.
വിശന്ന് കുന്നമംഗലത്ത് എത്തുന്ന നിർധനർക്കും അശരണർക്കും സൗജന്യമായി ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അംഗൻവാടി വർക്കർമാർ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന കൂപ്പൺ ഉപയോഗിച്ചാണ് പദ്ധതിയിലൂടെ ഭക്ഷണം ലഭ്യമാക്കുക.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. കെ. ഹിതേഷ് കുമാർ, ശ്രീബ ഷാജി, എം. ബാബുമോൻ, വാർഡ് അംഗങ്ങളായ ഷൈജ വളപ്പിൽ, വി. അനിൽകുമാർ, ബിജു പൂതക്കണ്ടി, സജീവ് പാണ്ടിയാല, വിജയൻ മണിയമ്പാറ, സി. പി. രമേശൻ, ഒ. സലീം, മോഹൻദാസ്, സുധീർ കുന്നമംഗലം, ഷമീർ കുന്നമംഗലം എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം പദ്ധതിയുടെ ഭാഗമായി ഭക്ഷണ കൂപ്പണുകളുടെ വിതരണവും നടന്നു.
വിശപ്പുരഹിത കുന്ദമംഗലത്തിന് തുടക്കം; ‘ഓപ്പറേഷൻ സുലൈമാനി’ ഉദ്ഘാടനം ചെയ്തു

