മധ്യപ്രദേശില്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു. ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം 86 ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവര്‍ താമസിക്കുന്ന കോളനി കോവിഡ് 19 കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.
ജൂണ്‍ 7- നാണ് ജഡ്ജിക്കും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ ഭോപ്പാലില്‍ ചികിത്സയിലാണ്. രണ്ടാമത്തെ ജഡ്ജിന് കോവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയില്‍ നിന്നും ഖന്ദ്വ വഴി ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും തിരിച്ചു പോയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തവരുടെ കൂട്ടത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഖന്ദ്വയില്‍ ഇതുവരെ 271 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

