കൊച്ചി: അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യാൻ പൊലീസ്. ലൈംഗിക അതിക്രമത്തെക്കുറിച്ച് അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് അറിവ് ഉണ്ടായിരുന്നു എന്ന സംശയയെ തുടർന്നാണ് ചോദ്യം ചെയ്യാൻ തീരുമാനമായത്. കൂടാതെ ആയയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
പ്രതി എളമക്കര സ്വദേശിയായ കാശിനാഥ് (20)നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആലുവയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് പ്രതിയെ എളമക്കര പൊലീസ് പിടികൂടിയത്.

