കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളിയെ കോഴിക്കോട് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. വടകര സ്വദേശി കൊമ്പൻ നിയാസാണ് പയ്യാനക്കലിലെ വാടകവീട്ടിൽ നിന്ന് അറസ്റ്റിലായത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിയാസിനെതിരെ മൂന്ന് ദീർഘകാല വാറന്റുകളും രണ്ട് ജാമ്യമില്ലാ വാറന്റുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് എത്തിയ നിയാസ് പയ്യാനക്കലിലെ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി വടകര പോലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു

