കാപ്പ കേസ് പ്രതിയും ബിജെപി കൗണ്‍സിലറുമായ ആര്‍ സുഗതന്റെ അറസ്റ്റില്‍ പ്രതികരിച്ച് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. സിപിഐഎം ഗുണ്ട വിളയാട്ടത്തിനെതിരെ നിലകൊണ്ടതു കൊണ്ടാണ് സുഗതന്‍ കാപ്പാ കേസ് പ്രതിയായതെന്നും സിപിഐഎം ഭരണം മാറിയെങ്കിലും പൊലീസ് മാറിയിട്ടില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. പൊലീസിന്റേത് പട്ടി ഷോ ആണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്‍ ശ്രീലേഖ വിമര്‍ശനംഉന്നയിച്ചു.
ആകാശത്തേക്ക് വെടിവച്ച് മഫ്തിയില്‍ വന്ന് ചീപ് ഹീറോയിസം നടത്തിയ എസ്എച്ച്ഒ വിപിന്‍ കമ്മ്യൂണിസ്റ്റാണെന്നും ആര്‍ ശ്രീലേഖ ആരോപിച്ചു. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ അല്ലാതെ ഒരാള്‍ക്കെതിരെയും സുഗതന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സിപിഐഎം നേതാക്കള്‍ തിരക്കഥയെഴുതിയ നാടകമാണ് സുഗതന്റെ വീടിനു മുന്നില്‍ അരങ്ങേറിയതെന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
സുഗതന്‍ ഗുണ്ടയല്ലെന്നും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണെന്നും ആര്‍ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോഴും പോലീസ് ജില്ലാ അധികാരികള്‍ സിപിഐഎം അടിമകളാണ്. കാപ്പ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പൊലീസ് ഇതേവരെ ചെയ്തിട്ടില്ല. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ല എന്നും ആര്‍ ശ്രീലേഖ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ എങ്ങനെ ഗുണ്ടയായി?
കഴിഞ്ഞ 10 വര്‍ഷത്തെ CPM ദുര്‍ഭരണത്തില്‍ കേരളത്തില്‍ ആകെ State sponsored ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂര്‍വ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതന്‍. വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാര്‍ക്ക് വേണ്ടി പൊരുതി നില്‍ക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകള്‍ പോലീസ് എടുത്തത്. എല്ലാം CPM നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. അത് CPM കാര്‍ക്ക് വലിയ തിരിച്ചടിയായി. 25 വാര്‍ഡ് ഉള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 എണ്ണം BJP യും 9 എണ്ണം കോണ്‍ഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള CPM ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥാനാര്‍ഥി ആണെന്നറിഞ്ഞപ്പോള്‍ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകള്‍?
കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ CPM പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്.
ജൂണ്‍ 9 രാതി 9 മണിക്ക് CPM നേതാക്കള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുന്‍പില്‍ അരങ്ങേറിയത്. KAAPA പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേര്‍ മാത്രമുള്ള വീട്ടില്‍ ഒരു platoon സായുധ പോലീസുമായി 2 വാഹനത്തിന്റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഫ്റ്റി വേഷത്തില്‍ cheap ഹീറോയിസം കാണിച്ച SHO വിപിന്‍ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുന്‍പ് CPM സര്‍ക്കാര്‍ പ്രത്യേകമായി ചെങ്ങന്നൂരില്‍ നിന്ന് കൊണ്ട് വന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ നിയമിച്ചത് അവിടെ മൂന്നാം വട്ടവും adv V K Prasanth നെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതന്‍ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയല്ലാതെ ഒരാള്‍ക്കും എതിരെ സുഗതന്‍ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ.
ഇതൊന്നും ഇപ്പോഴും CPM വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സര്‍ക്കാരിനെ അറിയിക്കാന്‍ പോകുന്നില്ല.
അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാല്‍ അതില്‍ അതിശയപ്പെടേണ്ടതില്ല.

