ഒളവണ്ണ: ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. ജില്ല കലക്ടർ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമപഞ്ചായത്തിലെ വ്യക്തികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവർ പലരുമായും സമ്പർക്കം പുലർത്തുകയും ചെയ്തു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ആളുകൾ അടിയന്തിര വൈദ്യസഹായത്തിനോ അവശ്യ വസ്തുക്കൾ വാങ്ങുവാനോ അല്ലാതെ വീടിനു പുറത്തിറങ്ങുന്നതും പുറത്തുള്ളവർ ഗ്രാമപഞ്ചായത്ത് പരിധിയിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവർത്തിക്കാവൂ. ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ വേണ്ടവർക്ക് RRT അംഗങ്ങളുടെ സഹായം തേടാവുന്നതാണ്. പൊലീസിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും നിരീക്ഷണം ശക്തമാക്കും. ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്റ്റേറ്റ്, നാഷണല്‍ ഹൈവേ ഒഴിച്ചുള്ള റോഡുകളിൽ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തു ചേരുന്നതും വ്യാപാരസ്ഥാപനങ്ങളിൽ ഒന്നിച്ച് എത്തുന്നതും ഉത്തരവിൽ വിലക്കിയിട്ടുണ്ട്