കുന്ദമംഗലം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾ ബാർ, ബേക്കറി എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു. പുറക് വശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും ഹെൽത്ത് കാർഡ് ഇല്ലാത്തതിനും ഹോട്ടലിൽ നിന്നും 1000 രൂപ പിഴ ഈടാക്കി. COTPA നിയമപ്രകാരം പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 2 സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.പി.സജീവൻ, ദീപിക. പി , അക്ഷയ്കുമാർ . സി. പി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് പൊതുജനാരോഗ്യനിയമം 2023 സെക്ഷൻ 20 (3) (1) പ്രകാരം 3 വർഷം തടവും 25000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ള വിവിധ വകുപ്പുകൾ പ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കുന്ദമംഗലം ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസർ ഡോ. വി.അർച്ചന അറിയിച്ചു.

