തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മന്ത്രി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. സ്പീക്കര്‍ പദവി വേണ്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട്. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആവശ്യം. അതേസമയം, മന്ത്രി പദവികള്‍ക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഷാനിമോള്‍ ഉസ്മാനിനായി വിഡി പക്ഷവും അന്‍വര്‍ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തുണ്ട്. ടി സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യമുണ്ട്. മന്ത്രിയാക്കിയേ തീരൂ എന്ന കടുത്ത നിലപാടിലാണ് ഐസി ബാലകൃഷ്ണന്. പട്ടിക വര്‍ഗ പ്രാതിനിധ്യം പറഞ്ഞാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്.
മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിന് ഗവര്‍ണ്ണറുടെ സമയം ഇതുവരെയും തേടിയിട്ടില്ല. മൂന്നരക്ക് ശേഷം പട്ടിക കൈ മാറാനാണ് നീക്കം. മുസ്ലിം പ്രതിനിധിയേ ചൊല്ലിയാണ് പ്രധാന തര്‍ക്കം. സിദ്ദീഖിന്റെയും ഷാനിമോള്‍ ഉസ്മാന്റെയും അന്‍വറിന്റെയും പേരുകളാണ് ഉയരുന്നത്. ഐസി ബാലകൃഷ്ണനു വേണ്ടി ചെന്നിത്തല പക്ഷം കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഐസി ബാലകൃഷ്ണന് വന്നാല്‍ സിദ്ദിഖിന് മന്ത്രിയാകാനുള്ള സാധ്യത കുറയും.

