കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് വടകരയിലെ നിയുക്ത എംഎല്‍എ കെ കെ രമ. പിണറായി പോലൊരു സ്ഥലത്ത് ധര്‍മ്മടം മണ്ഡലത്തില്‍ ആറ് തവണയാണ് പിണറായി വിജയന്റെ ലീഡ് താഴെ പോയതെന്നും അത് പരാജയം തന്നെയാണെന്നും കെ കെ രമ പറഞ്ഞു. പാര്‍ട്ടി ഗ്രാമത്തില്‍ ഇരട്ടച്ചങ്കന്‍ വിയര്‍ക്കുന്ന കാഴ്ച്ച നാം കണ്ടതാണെന്നും പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുന്നതാണ് നല്ലതെന്നും കെ കെ രമ പറഞ്ഞു.
‘മികച്ച വിജയമാണ് യുഡിഎഫിനുണ്ടായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍, രക്തസാക്ഷികളുടെ ഗ്രാമങ്ങള്‍, കയ്യൂരും കരിവെളളൂരുമുള്‍പ്പെടെയുളള ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് അടിപതറി എന്ന് പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ മുഴുവന്‍ കൈപ്പത്തിക്ക് വോട്ടുചെയ്തു എന്നാണ് കാണേണ്ടത്. അരിവാളിനല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ടുചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ കൈപ്പത്തിക്കും കോണിക്കും വോട്ടുചെയ്യാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അത്രയധികം ഭരണവിരുദ്ധ, പാര്‍ട്ടി വിരുദ്ധ, നേതാക്കള്‍ക്കെതിരായ വികാരം അണികളിലുണ്ട്. വലിയ ഭൂരിപക്ഷമാണ് വിജയിച്ചയിടങ്ങളിലെല്ലാം യുഡിഎഫിനുണ്ടായത്. എല്‍ഡിഎഫ് ജയിച്ചിടങ്ങളില്‍ വളരെ കുറവ് വോട്ടിനാണ് അവരുടെ ജയം. പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിനെതിരെ അണികള്‍ തന്നെയാണ് തീരുമാനമെടുത്തത്’- കെ കെ രമ പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ആരെ തീരുമാനിക്കുന്നോ അത് അംഗീകരിക്കുമെന്നും കെ കെ രമ വ്യക്തമാക്കി.

