കുന്ദമംഗലം: എൽഡിഎഫ് സ്ഥാനാർഥി പി. ടി. എ. റഹീം ന് വോട്ടഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുന്ദമംഗലത്ത് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു. കേരളം ആധുനിക വികസന വഴിയിൽ മുന്നേറുന്ന സംസ്ഥാനമാണെന്നും ജനങ്ങളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണ് സർക്കാർ വിവിധ ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് കൈമാറാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീടില്ലാതെ കഴിയുന്ന അനേകം കുടുംബങ്ങൾക്ക് സ്വന്തമായി വീട് ലഭിച്ച സാഹചര്യം ഉണ്ടാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി ആരംഭിച്ച ഹരിത കേരളം പദ്ധതിയിലൂടെ മാലിന്യ നിർമാർജനത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും വലിയ മാറ്റം സാധ്യമായതായി മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പഴയ രീതിക്ക് വലിയ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കേരളം നിരവധി ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഐക്യവും സഹകരണവും കൊണ്ടാണ് അവയെ അതിജീവിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ഘട്ടങ്ങളിൽ പോലും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ സഹായം നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രളയം പോലുള്ള വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോൾ പോലും കേരളത്തിന് വേണ്ടത്ര സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും നികുതി വിഹിതത്തിലും വായ്പാ പരിധികളിലും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനത്തിന്റെ വികസനത്തെ തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ന്യൂനപക്ഷ സമൂഹങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന നിരവധി നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ മതനിരപേക്ഷതയും സാമൂഹിക ഐക്യവും സംരക്ഷിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ അവകാശങ്ങൾക്കായി കോൺഗ്രസും യുഡിഎഫും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാർലമെന്റിൽ യുഡിഎഫ് എംപിമാർ ഉണ്ടായിട്ടും കേരളത്തിന് അർഹമായ അവകാശങ്ങൾക്കായി അവർ ശക്തമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോടൊപ്പം നിന്നാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചിട്ടുള്ളതെന്നും ജനങ്ങളുടെ ക്ഷേമമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുന്ദമംഗലം മണ്ഡലത്തിൽ വീണ്ടും പി. ടി. എ. റഹീം നെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച അദ്ദേഹം, ജനങ്ങളോട് അടുത്ത് നിൽക്കുന്ന ഒരു നേതാവായി രഹീം പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കൊടുവള്ളി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി സലീം മടവൂരിനും വിജയാശംസകൾ നേർന്ന മുഖ്യമന്ത്രി, ഇടതുപക്ഷ മുന്നണിക്ക് ജനങ്ങൾ വീണ്ടും ശക്തമായ പിന്തുണ നൽകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

