കൊയിലാണ്ടി; കൊയിലാണ്ടി മണ്ഡലത്തിൽ വോട്ടർമാർക്കിടയിൽ ആവേശമുണർത്തി പി എ മുഹമ്മദ് റിയാസ്. തിങ്കളാഴ്ച മണ്ഡലത്തിലെ കുടുംബ യോഗങ്ങളിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ റിയാസ് പങ്കെടുത്തു.
കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ദാസന്റെ പ്രചാരണാർത്ഥമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റിയാസ് എത്തിയത്. രാവിലെ വെങ്ങളം മടാം വീട്ടിൽ നടന്ന കുടുംബ യോഗത്തിൽ മഴയെ അവഗണിച്ചും നിരവധി ആളുകൾ പങ്കെടുത്തു. ശേഷം പൂക്കാടിന് സമീപം കൊളക്കാട് നായനാർ മന്ദിരത്തിനടുത്ത് നടന്ന കുടുംബയോഗത്തിൽ മുഹമ്മദ് റിയാസിന് വോട്ടർമാർ ആവേശോജ്വല സ്വീകരണം നൽകി.
പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷൻ മുടങ്ങാതിരിക്കാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന റിയാസിന്റെ വാക്കുകളെ ജനം നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്. വർഗീയ കലാപങ്ങൾ ഇല്ലാത്ത, അടിസ്ഥാന മേഖലയിൽ ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ മുടങ്ങാത്ത കേരളത്തിനായി എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നും കൊയിലാണ്ടിയിൽ കെ ദാസന് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വലിയ വിജയം സമ്മാനിക്കണമെന്നും മുഹമ്മദ് റിയാസ് വോട്ടർമാരോട് അഭ്യർത്ഥിച്ചു. എൽഡിഎഫ് നേതാക്കളായ കെ കെ മുഹമ്മദ്, കെ രവീന്ദ്രൻ, ടി കെ ചന്ദ്രൻ, പി ബാബുരാജ്, എൽ ജി ലിജീഷ് എന്നിവർ മുഹമ്മദ് റിയാസിനൊപ്പം ഉണ്ടായിരുന്നു.

