കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം വേറിട്ട ജനകീയ പരിപാടികളാൽ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച രാവിലെ മണ്ഡലത്തിലെ വോട്ടർമാർക്കൊപ്പം നടത്തിയ പ്രഭാതസവാരിയോടെയാണ് സ്ഥാനാർത്ഥി ഇന്നത്തെ പര്യടന പരിപാടികൾ ആരംഭിച്ചത്.
രാവിലെ 7 മണിക്ക് ആരംഭിച്ച പ്രഭാതസവാരിയിൽ യുവാക്കളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സാധാരണക്കാരായ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രാദേശിക പ്രശ്നങ്ങൾ ചോദിച്ചറിയാനും ഈ സന്ദർശനം വഴിയൊരുക്കി. വ്യായാമത്തോടൊപ്പം തന്നെ നാടിൻ്റെ വികസന ചർച്ചകൾക്കും പ്രഭാതസവാരി വേദിയായി.
തുടർന്ന് 11.30-ഓടെ കുന്ദമംഗലം ടൗണിലെ വിവിധ സർക്കാർ ഓഫീസുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ജീവനക്കാരെയും വിവിധ ആവശ്യങ്ങൾക്കായി എത്തിയ പൊതുജനങ്ങളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തുന്നതിലെ തടസ്സങ്ങളും ഓഫിസുകളിലെ അടിസ്ഥാന സൗകര്യ പരിമിതികളും ജീവനക്കാർ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പൊക്കിണാരി ഹരിദാസ്, ഒളവണ്ണ മണ്ഡലം പ്രസിഡൻറ് കെ രാകേഷ്, ജില്ലാ ജനറൽ സെക്രട്ടറി ടി.വി ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന സമിതി അംഗം ടി.പി സുരേഷ്, തളത്തിൽ ചക്രായുധൻ, ആർ മഞ്ജുനാഥ്, പ്രവീൺ പടനിലം, കെ സി രാജൻ, കെ ഗണേഷ്, സുധീർ കുന്ദമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.

