കുന്ദമംഗലത്ത് നടന്ന ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന് മർദനം. സി വി സംജിത്തിന് മർദനമേറ്റത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് സി വി സംജിത്.
ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ എസ് യു പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കുന്ദമംഗലത്ത് നടത്തിയ പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോൾ ആയിരുന്നു സംഭവം. പ്രകടനത്തിൽ നിന്ന് ചിലർ യൂത്ത് കോൺഗ്രസ് ബോർഡ് തകർക്കാൻ ശ്രമിച്ചതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഇത് തടയാൻ ശ്രമിച്ച സംജിത്തിനെ സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.
പരിക്കേറ്റ സംജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4.30ന് കുന്ദമംഗലത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

