കാർഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് ഐ.സി.എ.ആർ – ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.ഐ.എസ്.ആർ) ‘ഉദയം’ സംരംഭ–കാർഷിക പ്രദർശന വിപണന മേളയുടെ മൂന്നാം പതിപ്പ് (ഉദയം 3.0) ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ചു. കാർഷിക ഉൽപ്പന്നങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും വിപണന അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മേള സംഘടിപ്പിച്ചത്.
മേളയുടെ ഭാഗമായി സുഗന്ധവിളകൾ, കാർഷിക ഉൽപ്പന്നങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും വിൽപ്പനയും നടന്നു. കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും നിന്നുള്ള നൂറോളം ചെറുകിട സംരംഭകർ മേളയിൽ പങ്കെടുത്തു.
ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ. ദിനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ നിർവഹിച്ചു. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ സജിത ഗഫൂർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻ്റ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സജി എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി ഐ.ഐ.എസ്.ആർ വികസിപ്പിച്ച കുരുമുളക്, മഞ്ഞൾ, ജാതി, കറുവപ്പട്ട എന്നീ സുഗന്ധവിളകളുടെ വിവിധ ഇനങ്ങളുമായി ബന്ധപ്പെട്ട് പതിനാലു ഉൽപ്പാദന ലൈസൻസുകൾ വിവിധ കർഷകർക്കും നഴ്സറികൾക്കുമായി കൈമാറി. കാർഷിക സാങ്കേതിക വിദ്യകൾ കർഷകരിലേക്കും സംരംഭകരിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലൈസൻസ് കൈമാറ്റം നടന്നത്. കാർഷിക മേളയുടെ ഭാഗമായി സുഗന്ധവിള ഗവേഷണ സ്ഥാപനവും കേരള കാർഷിക സർവകലാശാലയും വികസിപ്പിച്ച വിവിധ ഇനം തൈകൾ, വിത്തുകൾ, മറ്റ് നടീൽ വസ്തുക്കൾ, ജൈവ ഉപാധികൾ എന്നിവയുടെ വിൽപ്പനയും സംഘടിപ്പിച്ചിരുന്നു.

