ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം വേണമെന്നതാണ് ആവശ്യം. പരിപാടി അലങ്കോലപെടുത്താന്‍ സാധ്യതയുണ്ട്. നേരത്തെ ബിജെപി – സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു ഇത് എല്ലാം പരിഗണിച്ചാണ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനന്‍ പാര്‍ട്ടിയില്‍ ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള ‘നേതൃത്വത്തെ അണികള്‍ തിരുത്തണ’മെന്ന പുസ്തകത്തിലാണ് പരാമര്‍ശം. ‘പാര്‍ട്ടി ഏരിയ കമ്മിറ്റി ‘ എന്ന അധ്യായത്തിലാണ് വിമര്‍ശനമുന്നയിച്ചിട്ടുള്ളത്.
സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ചാണ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയത്. പാര്‍ട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ പയ്യന്നൂര്‍ എംഎല്‍എക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പുസ്തകത്തില്‍ കുറെ കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ അന്നുതന്നെ പറഞ്ഞിരുന്നു.
ടി ഐ മധുസൂദനന്‍ എംഎല്‍എ അടക്കമുള്ളവര്‍ പാര്‍ട്ടി ഫണ്ടില്‍ വന്‍ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ ക്രമക്കേട് നടത്തി. കെട്ടിട നിര്‍മ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനന്‍ വ്യാജമായി നിര്‍മ്മിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയില്‍ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

