ആധുനിക സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും മനുഷ്യന്റെ ചിന്തകളെ പലവിധം സ്വാധീനിക്കുന്ന കാലത്ത് അക്ഷരങ്ങൾ യഥാർത്ഥ പ്രതിരോധമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘നേതാക്കൾ സാഹിത്യം വായിക്കുമ്പോൾ’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയിലൂടെ വിപണി നമ്മുടെ താൽപ്പര്യങ്ങളെ നിയന്ത്രിക്കുന്നു. അദൃശ്യമായ അൽഗോരിതങ്ങളാണ് നമ്മൾ എന്ത് കഴിക്കണം അല്ലെങ്കിൽ എന്ത് സിനിമ കാണണം എന്ന് തീരുമാനിക്കുന്നത്. സൂസി അലഗ്രയുടെ പുസ്തകങ്ങളെ ഉദ്ധരിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചും ജോർജ്ജ് ഓർവലിന്റെ നിരീക്ഷണങ്ങൾ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്തകളെയും ബോധ്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ വായനയ്ക്ക് വലിയ പങ്കുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിലും നിയമനിർമ്മാണ വേളകളിലും വായന നൽകിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്ത്രീപക്ഷ വായനയിലൂടെ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ തിരിച്ചറിയാൻ സാധിക്കും.
ജവഹർലാൽ നെഹ്റുവിനെപ്പോലെയുള്ള വർക്ക് വിശ്വസാഹിത്യവും ചരിത്രവും അറിയാമായിരുന്നതുകൊണ്ടാണ് ജനപക്ഷത്ത് നിൽക്കാൻ സാധിച്ചത്. ഭരണാധികാരികളിലുണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് പലപ്പോഴും നിരോധനങ്ങളിലേക്ക് നയിക്കുന്നത്. തനിക്കെതിരായ എന്തോ ഒന്നാണ് സാഹിത്യത്തിലുള്ളതെന്ന ഭയമാണ് പുസ്തകങ്ങളെയും സിനിമകളെയും നിരോധിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
ഹരാരിയുടെ ‘ഹോമോ ഡിയൂസ്’, ‘നെക്സസ്’ തുടങ്ങിയ പുസ്തകങ്ങൾ കാലത്തെ മുൻകൂട്ടി കാണാൻ സഹായിക്കുന്നവയാണ്. രാഷ്ട്രീയക്കാർ കാലത്തിനൊപ്പം സഞ്ചരിക്കാൻ വായനയെ കൂട്ടുപിടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ എൻ. ഇ. സുധീർ സെഷൻ മോഡറേറ്ററായിരുന്നു.

