കോവിഡ് എന്ന മഹാമാരി ലോകത്താകെ പിടിമുറുക്കിയപ്പോള്‍ എല്ലാവരും ബുദ്ധിമുട്ടിലായി. നിത്യേന തൊഴില്‍ ചെയ്ത് അന്നത്തെ ഭക്ഷണം കണ്ടെത്തി ജീവിക്കുന്നവര്‍ക്കാണ് ലോക്ഡൗണ്‍ ഏറെ ബാധിച്ചത്.
വീട്ടില്‍ തൊഴില്‍ ഇല്ലാതെ ഇരിക്കുമ്പോള്‍ സമ്പാദ്യമെന്ന് പറയാന്‍ ഒന്നും ഇല്ലാതെ പട്ടിണിയെ കൂട്ടുപിടിച്ച് ജീവിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്.
ജനിച്ച നാള് മുതല്‍ കേരളത്തില്‍ ഒരു മലയാളിയായ് ജീവിക്കുന്ന തമിഴ് വംശജനാണ് ധനപാലന്. കുന്ദമംഗലം ബസ് സ്റ്റാന്റില്‍ ചെരിപ്പ് കുത്തിയായ് ജീവിക്കുന്ന ഇദ്ദേഹത്തിന് വീട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. നാല്‍പ്പത്തിയഞ്ച് വര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍ നിന്ന് മുക്കത്തെത്തി ജീവിതം ആരംഭിച്ചതാണ് ധനപാലന്റെ അച്ഛന് ഇവിടെ. എസ്.സി വിഭാഗത്തിലുള്ള ചക്ലിയര്‍ വിഭാഗത്തിലെ ഇവര്‍ നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് കേരളത്തിലേക്ക് കുടിയേറി പാര്‍ത്തത്. എന്നാല്‍ കേരളത്തിലെത്തിയ ശേഷവും ഇവരുടെ ജീവിതം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായി. ധനപാലന് വീട്ടില്‍ ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്. അളിയന് മരണപ്പെട്ട ശേഷം പെങ്ങള് മറ്റൊരാളുടെ കൂടെ പോയി. ശേഷം അവരുടെ കുട്ടിയേയും ഇദ്ദേഹം ഏറ്റെടുക്കേണ്ടി വന്നു. സ്വന്തം പേരില്‍ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത ഇവര്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. കോവിഡ് പിടിമുറുക്കിയതോടെ ഉള്ള ജോലി കൂടി നഷ്ടമായ ഇയാള്‍ക്ക് കുടുംബം പോറ്റാവന് മറ്റു മാര്‍ഗമില്ലാതെയായി. ഹൃദയത്തിന് ബ്ലോക്ക് ആയതിനാല്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ ധനപാലന് ഭാരപ്പെട്ട ജോലികളും ചെയ്യാന്‍ കഴിയില്ല.
പാരമ്പര്യമായി ചെരുപ്പ്കുത്തിയാണ് ഇവര്‍ ജീവിക്കുന്നത്. ധനപാലന്റെ സഹോധരന് സുന്ദരനും ഇത്തരത്തിലാണ് കുടുംബം പോറ്റുന്നത്. കൂലിപ്പണികള്ക്കെല്ലാം ബംഗാളികല്‍ ആയതോടെ ആ ജോലിക്കും ആരും വിളിക്കുന്നില്ല എന്ന് ഇവര്‍ പറയുന്നു. കഷ്ടപ്പാട് മൂലം ആറാം ക്ലാസ് വരെയെ പടിക്കാന് കഴിഞ്ഞുള്ളു. ഇവരുടെ കുട്ടികളും ഇപ്പോള്‍ ഇതേ അവസ്ഥയിലായതാണ് ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ വിഷമം. മൂന്നു മാസത്തോളമായി വീടിന്റെ വാടക നല്‍കിയിട്ട്. പല സമയത്തും വാടക നല്കാന് കഴിയാതായതോടെ പലപ്പോഴും വീടുകള്‍ മാറേണ്ടി വന്നു. ഇത് കുട്ടികളുടെ പഠനത്തെയും ഏറെ ബാധിച്ചു. പഠനത്തിലെന്ന പോലെ കല കായിക രംഗത്തും മികവ് പുലര്‍ത്തുന്ന കുട്ടികള്‍ ജില്ലാ തല മത്സരങ്ങള്‍ക്കെല്ലാം പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പഠിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കഴിയാത്തതാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്നം. സ്വന്തമായി ചെറിയ ഒരു കൂരയെങ്കിലും പണിയണം എന്നാണ് ഇവരുടെ ഏക ആഗ്രഹം. ” ഒരു നേരത്തെ ആഹാരം കഴിച്ചാണ് ജീവിക്കുന്നത്, എല്ലാം മക്കള്‍ക്ക് വേണ്ടിയാണ് അവര്‍ ഞങ്ങളെപ്പോലെ ആവരുതെന്ന് മാത്രമാണ് ആഗ്രഹം” ധനപാലന് പറയുന്നു.
ധനപാലന്റെ പോലെ അഞ്ചോളം കുടുംബങ്ങളാണ് നമ്മുടെ നാട്ടില്‍ പട്ടിണിയില്‍ കഴിയുന്നത്. ഇവിടെത്തന്നെ ജീവിക്കണം ഈ മണ്ണില്‍ തന്നെ മരിക്കണം അതാണ് ഇവരുടെ ആഗ്രഹം. അതിനായ് സുമനസ്സുകളുടെ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നു.
a/c നമ്പര്‍; 44112200014733
ifsc code SYNB0004411

