ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീ.
ലോകം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണിപ്പോള്‍. ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണമായും കോവിഡ് എന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മള് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഏറെക്കുറെ അത് പടരാനുള്ള സാഹചര്യത്തെ നമ്മള് അതിജീവിച്ചിട്ടുണ്ട്. അതുപോലെ തന്ന വലിയ ഒരു വെല്ലുവിളികൂടി നമ്മുടെ മുന്നിലുണ്ട്. മഴക്കാലം വരാന്‍ പോകുമ്പോള്‍ മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ഇത് ഗൗരവമായി എടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ ഓരോരുത്തരും സ്വീകരിക്കേണ്ടതായുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ പലിയിടത്തും നിലവില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ വേണം. എല്ലാവരും വീട്ടില്‍ ഇരിക്കുന്നതിനാല്‍ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.കൊതുക്, എലി തുടങ്ങിയവ പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വൃത്തിയാക്കാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിലത് കഴിയില്ല എന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. റെസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ഇതിന് തയ്യാറാവണം എന്നും ഡിഎംഒ പറഞ്ഞു.
വെള്ളം, വായു, കൊതുക്, രോഗകാരികളായ വൈറസ്, ബാക്ടീരിയ വാഹികളായ പ്രാണികള്‍ എന്നിവയിലൂടെയെല്ലാം രോഗങ്ങള്‍ പടരാനുള്ളസാധ്യത കൂടുതലാണ്. മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ടാകും. അതിനാല്‍ വീടിനു ചുറ്റും കൊതുവളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്.
കൊതുകിനെ തുരത്താം, രോഗങ്ങള്‍ തടയാം
-വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള പാത്രം, കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കൂടുകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തടയുക.
-വെള്ളം കെട്ടിനിന്നു കൊതുക് പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ കണ്ടുപിടിച്ച് ഒഴുക്കിക്കളഞ്ഞ് ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
-കൊതുക് വംശവര്‍ധനവ് നടത്താന്‍ സാധ്യതയുള്ള ജലാശയങ്ങളിലും വാട്ടര്‍ടാങ്കുകളിലും കൂത്താടി ഭോജികളായ ഗംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക.
-റബ്ബര്‍ ടാപ്പിങ് ഇല്ലാത്ത അവസരങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വെക്കുക.
-കൊതുകുകടിയേല്ക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക
-തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
-മലിനജലത്തില്‍ മുഖം കഴുകയോ കുളിക്കുകയോ കളിക്കുകയോ ചെയ്യരുത്.
-ചപ്പുചവറുകള്‍ ഓടയില്‍ വലിച്ചെറിഞ്ഞ് മലിനജലം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കണം.
-ആരോഗ്യപ്രവര്‍ത്തകരുടെ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക.

