മലപ്പുറം: തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് കത്തിനശിച്ചത്. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് വീട്ടുടമയായ അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്.
വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകട സമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായിരുന്നു. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട് കുടുംബം പുറത്ത് പോയതായിരുന്നു. വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് അടുത്ത കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.

