മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മകൻ മുനവ്വർ അലി ശിഹാബ് തങ്ങൾ തയ്യാറാക്കിയ ‘പ്രിയപ്പെട്ട ബാപ്പ’ ഇനി അറബിയിലേക്കും.
മതസഹിഷ്ണുതയുടെയും പരസ്പര സഹവർത്തിത്വത്തിന്റെയും ഉജ്ജ്വലമായ മാതൃകയായി കേരളത്തിന്റെ മത രാഷ്ട്രീയ സാമൂഹിക രംഗത്ത് തിളങ്ങിനിന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ ഓർമകളാൽ രേഖപ്പെടുത്തിയ പുസ്തകമാണ് പ്രിയപ്പെട്ട ബാപ്പ.
അന്നഹ്ദ അറബിക് മാഗസിൻ മാനേജിംങ് എഡിറ്ററും ചെർപ്പുളശ്ശേരി ഡിയൽ ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പലുമായ ഡോ.സൈനുൽ ആബിദീൻ പുത്തനഴിയാണ് ‘ബാബൽ ഹബീബ്’ എന്ന പേരിൽ പുസ്തകം അറബിയിലേക്ക് വിവർത്തനം ചെയ്തത്.
മാക്ബത് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
മലയാള പതിപ്പിൽ നിന്ന് വ്യത്യസ്തമായി, മറ്റു അനുബന്ധങ്ങൾക്കൊപ്പം, ശിഹാബ് തങ്ങൾ ഏറെ പഠിക്കുകയും വേരുകൾ തേടി യാത്ര നടത്തുകയും ചെയ്ത യമനിലെ തങ്ങൾ കുടുംബത്തിൻ്റെ വളരെ ബ്രഹത്തായ ചരിത്രം അറബി പതിപ്പിൽ കൂടുതലായി ചേർത്തിട്ടുണ്ട്. പാണക്കാട് തങ്ങൾകുടുംബത്തിന്റെ വേരുകൾ ഉറങ്ങുന്നത് യമനിലെ ഹദർമൗത്തിലാണ്.
തങ്ങളുടെ വിയോത്തിൻ്റെ പത്താം ആണ്ടിൽ ‘തങ്ങൾ വിളക്കണഞ്ഞ വർഷങ്ങൾ’ എന്ന പേരിൽ’ മറ്റൊരു പുസ്തകവും വിവർത്തകൻ തങ്ങളെക്കുറിച്ച് തയ്യാറാക്കിയിരുന്നു. ശ്രീ നാരായണ ഗുരു ഓപൺ യൂണിവേഴ്സിറ്റിക്കായി നിരവധി അറബിക് ടെക്സ്റ്റ് പുസ്തകങ്ങൾ തയ്യാറാക്കിയ വിവർത്തകൻ അനവധി ഗവേഷണ പ്രബന്ധങ്ങളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

