കോഴിക്കോട്: ഇതര ജില്ലകളിൽ കുടുങ്ങിയവരെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് മുഖ്യമന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. കോവിഡ്-19 സാമൂഹ്യ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ രണ്ട് മാസത്തോടടുക്കുകയാണ്. തിരികെ വരാൻ താല്പ്പര്യമുള്ള പ്രവാസികളെയും ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെയും തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തത് കൊണ്ട് നിരവധി പേരാണ് കേരളത്തിനകത്തു പല ജില്ലകളിലായി കുടുങ്ങിക്കിടക്കുന്നത്. ലോക്ക്ഡൗൺ കാലാവധി എപ്പോൾ അവസാനിക്കുമെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അവരിൽ പലരും വലിയ മാനസിക സംഘർഷങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണത്തിന്റെയും മറ്റു ആവശ്യങ്ങളുടെയും പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവരും നിരവധിയാണ്.
സ്വന്തമായി വാഹനമില്ലാത്ത, എന്നാൽ തിരികെ വീടുകളിൽ എത്തേണ്ടവരെ രജിസ്‌ട്രേഷൻ സംവിധാനവും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചു അവരവരുടെ സ്വന്തം ജില്ലകളിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ സർക്കാർ എത്രയും വേഗം കൈക്കൊള്ളണമെന്ന് വൈസ് പ്രസിഡൻറ് അനീഷ് പാറമ്പുഴ ആവശ്യപ്പെട്ടു.


