സന്‍ആ: നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഫേസ്ബുക്കിലൂടെ സാമുവലിനെതിരെ മഹ്ദി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്‍ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമുവല്‍ ജെറോം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയക്കുകയോ ചെയ്തിട്ടില്ലെന്നും മഹ്ദി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. മറിച്ചാണെന്ന് തെളിയിക്കാന്‍ സാമുവല്‍ ജെറോമിനെ മഹ്ദി ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും ചെയ്തു.
‘ബി.ബി.സി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകനല്ല. നാല്‍പ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവര്‍ന്നു. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്തിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ ഞാന്‍ വെല്ലുവിളിക്കുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സന്‍ആയില്‍ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങള്‍ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളില്‍ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ 20,000 ഡോളറിന് വേണ്ടി അഭ്യര്‍ഥിക്കുന്നത് കണ്ടു.
മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങള്‍ക്കറിയാം.അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കില്‍ ഞങ്ങള്‍ വെളിപ്പെടുത്തുമെന്നും’ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

