ചാത്തമംഗലം പഞ്ചായത്ത് വാർഡ് വിഭജനത്തിൻ്റെ ഭാഗമായി പരിഷ്കരിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സി.പി.എമ്മുകാർക്ക് ചോർത്തി നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് യു ഡി എഫ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെകടറുടെ നേതൃത്യത്തിൽ പഞ്ചായത്ത് ഓഫീസ് കവാടത്തിൽ തടഞ്ഞു. മാർച്ച് നേരെ ലാത്തി വിശാൻ പോലീസ് നടത്തിയ ശ്രമം ഏറെ നേരത്തെ ഉന്തും തള്ളിനും ഇടയാക്കി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ജൂലൈ നാലിന് ഡ്രാഫ്റ്റ് റിപ്പോർട്ടിന്റെ കോപ്പിയും ജൂലൈ 10ന് കരട് വോട്ടർ പട്ടിയുടെ കോപ്പിയും പ്രാദേശിക സിപിഎം നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് വോട്ടർപട്ടിക രേഖകളുടെ ശേഖരണം ഉൾപ്പെടെയുള്ള പ്രവർത്തനം സിപിഎം പ്രവർത്തകർ നടത്തിവരികയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പ്രസിദ്ധപ്പെടുത്താത്തതിനാൽ മറ്റുള്ളവർക്ക് ലഭിച്ചിട്ടില്ല. പ്രസിദ്ധപ്പെടുത്താത്ത പട്ടിക സിപിഎം കേന്ദ്രങ്ങൾക്ക് മാത്രം രഹസ്യമായി കൈമാറിയ ജീവനക്കാരുടെ നടപടി ഗുരുതരമായ വീഴ്ചയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ആണെന്ന് ആരോപിച്ചാണ് യുഡിഎഫ് മാർച്ച് സംഘടിപ്പിച്ചത്.
ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് കെ.എ .ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പട്ടിക ചോർച്ച സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട്
ടി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൽ ജി എം എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ, എം.കെ. അജീഷ്, എൻ. എം. ഹുസ്സയിൻ, എൻ.പി. ഹമീദ് മാസ്റ്റർ, പി.ടി.എ. റഹിമാൻ, പി.കെ ഹഖീം മാസ്റ്റർ കളൻതോട്, ടി.ടി. മൊയ്തീൻ കോയ, ഒ .അശോകൻ , ഷരീഫ് മലയമ്മ, പി.ടി.സി. അബ്ദുല്ല മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി, ഫഹദ് പാഴൂർ, പി. ഇബ്രാഹിം ഹാജി, സി.ബി. ശ്രീധരൻ, മൊയ്തു പീടികകണ്ടി, ഫാസിൽ കളൻതോട് ,റഊഫ് മലയമ്മ തുടങ്ങിയവർ സംസാരിച്ചു
വോട്ടർ പട്ടിക ചോർച്ച; ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് മാർച്ചിൽ സംഘർഷം

