തിരുവനന്തപുരം: കെ എസ് ആര് ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്. കെ എസ് ആര് ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആര് ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണനടക്കം വ്യക്തമാക്കി. ആരെങ്കിലും നാളെ കെ എസ് ആര് ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും ടി പി വെല്ലുവിളിച്ചു. തടയാന്‍ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
കെ എസ് ആര് ടി സി ജീവനക്കാര്‍ നാളെ പണിമുടക്കുമെന്നും തൊഴിലാളികള്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്ക് എതിരെയാണ് സമരമെന്നും അത് കെ എസ് ആര് ടി സി ജീവനക്കാരെയും ബാധിക്കുന്നതാണെന്നും അദ്ദേഹം വിവരിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെ സഹകരിക്കണമെന്നും കടകള്‍ തുറക്കരുതെന്നും ടി പി രാമകൃഷ്ണന് അഭ്യര്‍ഥിച്ചു.

